ലങ്കയെ ഞെട്ടിച്ച് സിംബാബ്‌വെ; ടി20 ലോകകപ്പില്‍ റെക്കോര്‍ഡ് ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

Jaihind News Bureau
Thursday, February 19, 2026

 

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ആവേശകരമായ അവസാന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തകര്‍ത്ത് സിംബാബ്വെ. ശ്രീലങ്ക ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനില്‍ക്കെയാണ് സിംബാബ്വെ മറികടന്നത്. ഇതോടെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ സിംബാബ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ 8-ലേക്ക് മുന്നേറി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഓപ്പണര്‍ പതും നിസങ്കയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് (41 പന്തില്‍ 62) ലങ്കയ്ക്ക് മികച്ച അടിത്തറ നല്‍കിയത്. അവസാന ഓവറുകളില്‍ ദുനിത് വെല്ലലഗെ നടത്തിയ മിന്നല്‍ പ്രകടനം സ്‌കോര്‍ 170 കടക്കാന്‍ സഹായിച്ചു. സിംബാബ്വെയ്ക്കായി ബ്രാഡ് ഇവാന്‍സ് 19-ാം ഓവറില്‍ ഇരട്ട പ്രഹരം ഏല്‍പ്പിച്ച് ലങ്കന്‍ കുതിപ്പിന് തടയിട്ടു.

ടി20 ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വലിയ റണ്‍ ചേസ് ലക്ഷ്യമിട്ടിറങ്ങിയ സിംബാബ്വെക്ക് ഓപ്പണര്‍മാരായ ബ്രയാന്‍ ബെന്നറ്റും (50) തദിവനാഷെ മരുമാനിയും (34) മികച്ച തുടക്കമാണ് നല്‍കിയത്. ഇടയ്ക്ക് വിക്കറ്റുകള്‍ വീണെങ്കിലും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ (26 പന്തില്‍ 45) മത്സരം സിംബാബ്വെയുടെ കൈപ്പിടിയിലാക്കി. ദുഷന്‍ ഹേമന്ത എറിഞ്ഞ 15-ാം ഓവറില്‍ 20 റണ്‍സ് അടിച്ചെടുത്ത റാസ ലങ്കന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറുകളില്‍ റാസ പുറത്തായെങ്കിലും മൂന്ന് പന്ത് ബാക്കിനില്‍ക്കെ സിംബാബ്വെ ലക്ഷ്യം കണ്ടു.

രണ്ട് ടീമുകളും നേരത്തെ തന്നെ സൂപ്പര്‍ 8 യോഗ്യത നേടിയിരുന്നു. ഓസ്ട്രേലിയ ഈ ഗ്രൂപ്പില്‍ നിന്നും പുറത്തായി. സൂപ്പര്‍ 8-ല്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒന്നാം ഗ്രൂപ്പിലാണ് സിംബാബ്വെ കളിക്കുക. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ ശ്രീലങ്കയും മത്സരിക്കും.