എപ്സ്റ്റീന്‍ വിവാദങ്ങള്‍ക്കിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ അറസ്റ്റില്‍

Jaihind News Bureau
Thursday, February 19, 2026

 

ലണ്ടന്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് വിവാദത്തിലായ ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സര്‍ (66) അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍ വെച്ച് തേംസ് വാലി പൊലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.

പൊതു ഓഫീസിലെ പദവിയിലിരിക്കെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍ വിശദമായ വിലയിരുത്തലിന് ശേഷമാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ആന്‍ഡ്രൂ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസ് സജീവമായ അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദവും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ‘എപ്സ്റ്റീന്‍ ഫയല്‍സിലെ’ വെളിപ്പെടുത്തലുകളുമാണ് ആന്‍ഡ്രൂവിനെ കുരുക്കിലാക്കിയത്. പദവിയിലിരിക്കെ ഔദ്യോഗിക വിവരങ്ങള്‍ എപ്സ്റ്റീന് കൈമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇദ്ദേഹം നേരിടുന്നുണ്ട്. വിവാദങ്ങള്‍ കടുത്തതോടെ യോര്‍ക്ക് ഡ്യൂക്ക് എന്ന രാജകീയ പദവികള്‍ ആന്‍ഡ്രൂവിന് നേരത്തെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കിംഗ് ചാര്‍ള്‍സ് ഇദ്ദേഹത്തിന്റെ പദവികള്‍ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.

ആന്‍ഡ്രൂവിന്റെ രാജകീയ പിന്തുടര്‍ച്ചാവകാശം പൂര്‍ണ്ണമായും റദ്ദാക്കണമെന്ന് ലേബര്‍ എം.പി റേച്ചല്‍ മാസ്‌കെല്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്ന വാദത്തില്‍ ആന്‍ഡ്രൂ ഉറച്ചുനില്‍ക്കുമ്പോഴും, അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട പുതിയ രേഖകളാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ നീക്കം.