പുതുയുഗ യാത്രയ്ക്ക് തൃശൂരില്‍ ആവേശോജ്ജ്വല സ്വീകരണം; പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് യാത്ര അന്ത്യം കുറിക്കുമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Wednesday, February 18, 2026

തൃശൂര്‍: കേരളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് പൂരങ്ങളുടെ നാടായ തൃശൂരില്‍ ആവേശകരമായ വരവേല്‍പ്പ്. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ നിയോജക മണ്ഡലങ്ങളിലും ജാഥാ ക്യാപ്റ്റനെ വരവേല്‍ക്കാന്‍ അണിനിരക്കുന്നത്. തൃശൂര്‍ പൂരം കലക്കി രാഷ്ട്രീയ നേട്ടം കൊയ്തവര്‍ക്കുള്ള ശക്തമായ താക്കീതായി പ്രതിപക്ഷത്തിന്റെ ജനസഞ്ചയം മാറി.

ഇടതുമുന്നണിയുടെ ജാഥകളില്‍ ജനപങ്കാളിത്തം കുറയുന്നത് ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന യാത്രയയപ്പിന്റെ സൂചനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെറും പരസ്യങ്ങളും അവകാശവാദങ്ങളും മാത്രമാണ് ഇടതുമുന്നണിയില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന് ഈ യാത്ര അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മലയാളികളുടെ തലയില്‍ വലിയ കടബാധ്യത അടിച്ചേല്‍പ്പിച്ചാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. കേരളത്തെ വീണ്ടെടുക്കാനുള്ള ഈ യാത്രയെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും അദ്ദേഹം സ്വീകരണ യോഗങ്ങളില്‍ വ്യക്തമാക്കി. സാംസ്‌കാരിക തലസ്ഥാനത്തെ ഉജ്ജ്വല സ്വീകരണങ്ങള്‍ക്ക് ശേഷം വരും ദിവസങ്ങളില്‍ യാത്ര മറ്റ് ജില്ലകളിലേക്ക് പ്രവേശിക്കും.