മാർച്ചിൽ ഈ ദിവസങ്ങളിൽ മദ്യനിരോധനം; ഉത്തരവിട്ട് ജില്ലാ കളക്ടർ

Jaihind News Bureau
Tuesday, February 17, 2026

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മദ്യവില്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചു. കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് . പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെയാണ് മദ്യനിരോധനം.

കൂടാതെ നഗരത്തിലെ ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷൻ പകർപ്പ് പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസംരക്ഷകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഫെബ്രുവരി 19-ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും.

അതേസമയം, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്.