‘ശബരിമലയിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം’; യുവതീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാൻ വെല്ലുവിളിച്ച് വി.ഡി. സതീശൻ

Jaihind News Bureau
Sunday, February 15, 2026

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നോതാവ് വി.ഡി. സതീശൻ കൊച്ചിയിൽ ആരോപിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യുവതീ പ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കാലത്ത് വീടുകളിൽ കയറി മാപ്പ് പറഞ്ഞതും തെറ്റ് പറ്റിയെന്ന് ദേവസ്വം മന്ത്രി സമ്മതിച്ചതും ആത്മാർത്ഥമാണെങ്കിൽ നിലവിലെ സത്യവാങ്മൂലം പിൻവലിക്കണം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാരിന്റെ നിലപാട് എന്താണെന്ന് ലോകമറിയുമെന്നും, ഈ സർക്കാർ തയ്യാറായില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ വെട്ടിപ്പാണ് നടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള ഫ്ലക്സുകൾ കൊണ്ട് കേരളം നിറച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവർ ഇപ്പോൾ കൈകഴുകി മാറുകയാണ്. സംഗമത്തിന്റെ പണം എവിടെപ്പോയെന്ന് അറിയില്ലെന്ന ദേവസ്വം മന്ത്രിയുടെ വാദം വിരോധാഭാസമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്ന ദേവസ്വം ബോർഡും സർക്കാരും ചേർന്നാണ് ഈ കൊള്ളയ്ക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

 ദേവസ്വം ബോർഡിലെ സ്വർണ്ണം കവർന്ന കേസിൽ മൂന്ന് സി.പി.എം നേതാക്കൾ ജയിലിലായത് പാർട്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പത്മകുമാർ, വാസു, പ്രശാന്ത് എന്നിവരെ ദേവസ്വം ബോർഡിൽ നിയമിച്ചത് സി.പി.എമ്മാണ്. പുറത്തുനിന്നുള്ളവർക്ക് ബോർഡിലെ സ്വർണ്ണം മോഷ്ടിക്കാൻ കഴിയില്ല. കേസിൽ പാർട്ടി പ്രതിരോധത്തിലായപ്പോൾ മറ്റുള്ളവരെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ പടം തിരയുന്നവർക്ക് അത് മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.