കുഞ്ഞുമാലാഖയ്ക്ക് യാത്രാമൊഴിയേകാൻ നാട്; ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി

Jaihind News Bureau
Sunday, February 15, 2026

ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. കുഞ്ഞുമാലാഖയെ ഒരുനോക്കുകാണാൻ നൂറുകണക്കിനുപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കണ്ണീരടക്കാനാകാതെ വിതുമ്പുന്ന പ്രിയപ്പെട്ടവരുടെ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.ഉച്ചയ്ക്ക് രണ്ടുമണിവരെ വീട്ടിലാണ് പൊതുദർശനം.തുടർന്ന് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. മൂന്നുമണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റെ തോമസ് പള്ളിയിലേക്ക് കൊണ്ടും.നാലുമണിയോടെ പള്ളിയിലെ പ്രർത്ഥനകൾക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മന്ത്രിമാരടക്കം നിരവധി ആളുകൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കും.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. പിതാവ് അരുണാണ് അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഭാര്യ ഷെറിനോട് പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ സമ്മതിച്ചെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചെന്നും അരുൺ പറഞ്ഞു .