
തെലങ്കാനയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചതില്‍ തെലങ്കാനയിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി അഭിനന്ദിച്ചു. തുടര്‍ച്ചയായ പ്രചാരണവും നഗര വോട്ടര്‍മാരുമായുള്ള ഫലപ്രദമായ ഇടപെടലുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള പൊതുജനങ്ങളുടെ വിശ്വാസവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണരീതിയുമാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഭരണപരമായ മാറ്റങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചു. നഗര ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങള്‍, മുനിസിപ്പല്‍ ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങള്‍, തെലങ്കാനയിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ എത്തിയ നിക്ഷേപങ്ങള്‍, ക്ഷേമപദ്ധതികളുടെ പുരോഗതി എന്നിവ അദ്ദേഹം വിശദീകരിച്ചു.
നഗര കേന്ദ്രങ്ങളില്‍ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഈ വിജയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്ട്രീയ നില മെച്ചപ്പെടുത്തുമെന്ന് കരുതപ്പെടുന്നു. ബി.ആര്‍.എസ് ഇപ്പോഴും ശക്തമായ സ്വാധീനം നിലനിര്‍ത്തുന്നുണ്ടെന്നും ബിജെപി സ്വാധീനത്തിനായി പോരാടുകയാണെന്നും ഈ ഫലം സൂചിപ്പിക്കുന്നു. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഭൂരിഭാഗം വാര്‍ഡുകളും പിടിച്ചെടുത്താണ് കോണ്‍ഗ്രസ് ഒന്നാമതെത്തിയത്. പ്രധാന പ്രതിപക്ഷമായ ബിആര്‍എസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.