‘ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് നീ’; ഒ എന്‍ വി കുറുപ്പ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷം

Jaihind News Bureau
Friday, February 13, 2026

 

സാഗരങ്ങളെ പോലും പാടിയുണര്‍ത്തിയ മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന്പത്ത് വര്‍ഷം തികയുകയാണ്. ‘ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്റെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. അതെ പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലാതെ ഇന്നും സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ആ കവിതകള്‍ ഇന്നും ഏവരുടെയും ആത്മാവില്‍ മുട്ടിവിളിക്കുന്നു. കവിതാലോകത്തെ ഭാവസാന്ദ്രമാക്കിയ കാവ്യ ഗന്ധര്‍വ്വന്‍, മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും കാവലാള്‍ തന്നെയാണ് ഒ എന്‍ വി. ഒരു വരിയില്‍ ഒതുങ്ങി നില്‍ക്കില്ല ഒ എന്‍ വി എന്ന ത്രയാക്ഷരം.

1931 മേയ് 27ന് ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്ന് ഓമനപ്പേരും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ വേലുക്കുറുപ്പിന്റെ പേരു നല്‍കി. ഒറ്റപ്‌ളാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്നാണ് പൂര്‍ണമായ പേര്.1946ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിതയായ ‘മുന്നോട്ട്’ പ്രസിദ്ധപ്പെടുത്തിയത്. സ്വരാജ്യം എന്ന വാരികയിലാണ് ഈ കവിത അച്ചടിച്ചു വന്നത്. 1949ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കവിതാ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു.

മയില്‍പ്പീലി, ഒരു തുള്ളിവെളിച്ചം, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, അപരാഹ്നം, അഗ്‌നിശലഭങ്ങള്‍, തോന്ന്യാക്ഷരങ്ങള്‍, സ്വയംവരം, ഉജ്ജയിനി തുടങ്ങി ഒട്ടനവധി രചനകളുടെ കര്‍ത്താവായി. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ, ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും, അമ്പിളി അമ്മാവാ തുടങ്ങി എക്കാലത്തെയും മികച്ച ഗാനങ്ങള്‍ നാടകങ്ങള്‍ക്ക് എഴുതി. ആ മലര്‍പ്പൊയ്കയില്‍’ എന്ന പാട്ടോടുകൂടിയാണ് അദ്ദേഹത്തിന്റെ സിനിമാഗാനരചന തുടങ്ങിയത്. സുഖമോ ദേവി, ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ, ആദിയുഷ സന്ധ്യ പൂത്തതിവിടെ തുടങ്ങി എത്രയോ പാട്ടുകള്‍. മലയാളത്തില്‍ ഏറ്റവുമധികം സംഗീതസംവിധായകര്‍ക്കുവേണ്ടി ഗാനം എഴുതിയ കവി ഒഎന്‍വി തന്നെ. ഇരുനൂറില്‍പ്പരം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. 1955ല്‍ ആദ്യമായി ചലച്ചിത്ര (കാലം മാറുന്നു) ഗാനവുമെഴുതി. ആ മലര്‍പ്പൊയ്കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ എന്ന ഗാനമാണെഴുതിയത്. ബാബുരാജ്, എം.ബി. ശ്രീനിവാസന്‍, രാഘവന്‍ മാഷ്, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം ഒരിക്കലും മറക്കാത്ത വരികള്‍ സമ്മാനിച്ചു. ഗാനരചന ആരംഭിച്ചത് ബാലമുരളി എന്ന പേരിലായിരുന്നു. ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ് ഒ.എന്‍്.വി എന്ന പേരില്‍ എഴുതി തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ല്‍ അധികം ഗാനങ്ങള്‍ എഴുതി. ഗാനരചനക്കുഗള്ള സംസ്ഥാന അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്. ഒടുവിലെഴുതിയത് 2015ല്‍ കാംബോജി എന്ന സിനിമയ്ക്കായിരുന്നു.

സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം എന്നിവയാണ് ഒ.എന്‍.വിയുടെ പ്രധാന കവിതാ സമാഹാരങ്ങള്‍.

മഹാരാജാസ് കോളജില്‍ ശിഷ്യയായിരുന്ന പെണ്‍കുട്ടിയെ അദ്ദേഹം വിവാഹം ചെയ്തു. അങ്ങനെ പി. പി. സരോജിനി ഒഎന്‍വിയുടെ സരോ ആയി മാറി. 1982മുതല്‍ 1987വരെ കേന്ദ്രസാഹിത്യ അക്കാദമിയംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒഎന്‍വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2007ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനു അര്‍ഹനായി.1998ല്‍ സാഹിത്യലോകത്തെ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011ല്‍ പത്മവിഭൂഷനും ഒ. എന്‍. വിയെ തേടിയെത്തി.

2016 ഫെബ്രുവരി 13ന് തന്റെ 84-ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ആരെയും ഭാവഗായകനാക്കിയ കാവ്യഗന്ധര്‍വ്വന്റെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്റെ ആത്മാവിലെ നിത്യശൂന്യതയായി എന്നും നിലകൊള്ളും.