
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് മുന്നണിയുടെ പ്രചാരണ പോസ്റ്ററുകള്‍ വെച്ച സംഭവം വലിയ വിവാദമാകുന്നു. എല്‍.ഡി.എഫിന്റെ മധ്യമേഖലാ ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളാണ് കല്ലറയ്ക്ക് മുകളില്‍ സ്ഥാപിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശ്വാസികള്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തെത്തി. ക്രൈസ്തവ വിശ്വാസികള്‍ അതീവ വിശുദ്ധിയോടെ കാണുന്ന കല്ലറകളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് മാനസിക വൈകൃതം ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. പുതുപ്പള്ളി പള്ളിയില്‍ നിരവധി വൈദിക ശ്രേഷ്ഠരുടെ കബറിടങ്ങള്‍ക്ക് സമീപമാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സ്ഥിതി ചെയ്യുന്നത്. മണ്മറഞ്ഞ ശേഷവും ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ഈ ഇടത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതാചാരങ്ങളില്‍ ഇടപെട്ടും വിശ്വാസികളെ വേദനിപ്പിച്ചും കോട്ടയത്തിന്റെ മണ്ണില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. ഇത്തരം നീക്കങ്ങളെ കോട്ടയത്തെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയെന്ന ജനനായകനെ മരണശേഷവും അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവൃത്തികള്‍ വിശ്വാസ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ഈ വിഷയത്തില്‍ മറുപടി പറയണമെന്ന് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഈ ക്രൂരമായ പ്രവൃത്തിയെ തള്ളിപ്പറയാനും പുതുപ്പള്ളിയിലെ വിശ്വാസ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കാനും എല്‍.ഡി.എഫ് നേതൃത്വവും ജോസ് കെ. മാണിയും തയ്യാറാകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.