
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മുന്‍ പ്രതിപക്ഷ നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചു.
തിരുവനന്തപുരം എം.പി ശശി തരൂര്‍ ആണ് പ്രചാരണ സമിതിയുടെ സഹഅധ്യക്ഷന്‍. ഷാഫി പറമ്പില്‍ എം പിയെ കണ്‍വീനറായും ചുമതലപ്പെടുത്തി. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പത്ത് അംഗങ്ങളാണ് ഈ സമിതിയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയര്‍മാനായി ബെന്നി ബഹനാന് എം.പിയെ തിരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ഈ സമിതിയുടെ സഹഅധ്യക്ഷന്‍.
അതേസമയം മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കെ.പി.സി.സി നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിനും ഈ യോഗം നിര്‍ണ്ണായകമാകും.