
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടുത്ത തലവേദനയാകുന്നു. സംഗമത്തിന്റെ ഭാഗമായി ഉണ്ടായ ഭീമമായ ചെലവുകളില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള നീക്കത്തിലാണ് ബോര്‍ഡ്. ഇതിന്റെ ഭാഗമായി ഈ മാസം 17-ന് ചേരുന്ന യോഗം നിര്‍ണ്ണായകമാകും.
പന്തല്‍ നിര്‍മ്മാണത്തിനും അതിഥികളുടെ താമസ സൗകര്യത്തിനുമായി മാത്രം 4.35 കോടിയിലധികം രൂപ ദേവസ്വം ബോര്‍ഡ് നല്‍കാനുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പന്തലൊരുക്കിയ ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് (IIIC) മാത്രം നാല് കോടി രൂപയാണ് നല്‍കാനുള്ളത്. ഈ തുക കുറയ്ക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടും. തിരുവനന്തപുരം, കൊച്ചി, കുമരകം, മൂന്നാര്‍ എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലുകള്‍ക്കും വന്‍തുക കുടിശ്ശികയുണ്ട്. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമായി ലക്ഷങ്ങള്‍ ചെലവായെന്ന് ബോര്‍ഡ് കണക്കുപറയുമ്പോള്‍, ഭക്ഷണം കഴിച്ചവരുടെ എണ്ണവും തുകയും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റര്‍ കണ്ടെത്തി.
ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട സമയപരിധിക്കുള്ളില്‍ ഈ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. സ്പോണ്‍സര്‍മാരില്‍ നിന്ന് ലഭിക്കാനുള്ള തുക വേഗത്തില്‍ നേടിയെടുക്കാനും ഊരാളുങ്കല്‍ അടക്കമുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി കുടിശ്ശിക തുകയില്‍ ഇളവ് വരുത്താനുമാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.