പുതുയുഗ യാത്ര കണ്ണൂരില്‍: ഇന്ന് അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം; നാളെ വയനാട്ടിലേക്ക്

Jaihind News Bureau
Monday, February 9, 2026

 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ വയനാട്ടിലേക്ക് കടക്കും. പര്യടനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് ഉജ്ജ്വലമായ സ്വീകരണ പൊതുയോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നീ കേന്ദ്രങ്ങളിലാകും ഇന്ന് സ്വീകരണം നല്‍കുക. രാവിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ പൊതുയോഗങ്ങള്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എംപി, സി.പി. ജോണ്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ സംസാരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ഭരണപരാജയങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് യാത്രയുടെ ലക്ഷ്യം.

കണ്ണൂര്‍ ജില്ലയിലെ ഇന്നത്തെ പര്യടനം പൂര്‍ത്തിയാക്കുന്നതോടെ യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. നാളെ വയനാട്ടിലെ മാനന്തവാടിയിലാണ് യാത്രയുടെ അടുത്ത ഘട്ട സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 6-ന് കാസര്‍കോട് ജില്ലയില്‍ നിന്ന് ആരംഭിച്ച പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. മാര്‍ച്ച് 7-ന് തിരുവനന്തപുരത്ത് സമാപിക്കും. സാധാരണ രാഷ്ട്രീയ ജാഥകളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ‘ടീം യുഡിഎഫ്’ എന്ന ആശയമാണ് യാത്രയിലുടനീളം മുന്നോട്ട് വയ്ക്കുന്നത്.