
കൊച്ചി: കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കളമശ്ശേരി ശ്മശാനത്തില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടക്കും. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം രണ്ട് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കുവൈറ്റിലെ മദ്യ ദുരന്തത്തില്‍ ഇരയായി ഓര്‍മ്മശക്തി നഷ്ടപ്പെട്ട ലാമയെ അവിടെ നിന്നും നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലെത്തിയ ഇദ്ദേഹത്തെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഡിഎന്‍എ ഫലം വരാന്‍ വൈകിയതിലും അന്വേഷണത്തിലെ വീഴ്ചയിലും ലാമയുടെ മകന്‍ സാന്‍ടന്‍ ലാമ കടുത്ത നിരാശ രേഖപ്പെടുത്തി. സാക്ഷര കേരളത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ താന്‍ ദുഃഖിതനാണെന്ന് അദ്ദേഹം പറഞ്ഞു.
സൂരജ് ലാമയുടെ മരണത്തില്‍ കൊലപാതക സാധ്യതയുണ്ടെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, കേസ് കൈകാര്യം ചെയ്ത രീതിയില്‍ പോലീസിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. കാണാതായ ലാമയെ കണ്ടെത്താന്‍ പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തില്‍ ലജ്ജ തോന്നുന്നുവെന്ന് പ്രതികരിച്ച ഹൈക്കോടതി, തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ നെടുമ്പാശ്ശേരി എസ്.എച്ച്.ഒയോട് ഉത്തരവിട്ടു. ലാമയെ കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് കോടതി വിശദമായി പരിശോധിക്കും.