‘കേരളത്തെ വീണ്ടെടുക്കാന്‍’ പുതുയുഗ യാത്ര; കണ്ണൂരില്‍ ആവേശോജ്ജ്വല സ്വീകരണം, ഇന്ന് പര്യടനം ഇല്ല; നാളെ അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം

Jaihind News Bureau
Sunday, February 8, 2026

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരുന്നു. ‘കേരളത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജാഥയ്ക്ക് പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഓരോ കേന്ദ്രങ്ങളിലും ജനനായകനെ വരവേല്‍ക്കാന്‍ എത്തിയത്. ജില്ലയിലെ ശനിയാഴ്ചത്തെ പര്യടനം കണ്ണൂര്‍ നഗരത്തില്‍ സമാപിച്ചു. ഇന്ന് (ഞായറാഴ്ച) ജാഥയ്ക്ക് പര്യടനം ഉണ്ടായിരിക്കില്ല.

കണ്ണൂരില്‍ നടന്ന സ്വീകരണ പൊതുയോഗങ്ങളില്‍ സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി.ഡി. സതീശന്‍ ഉയര്‍ത്തിയത്. കണ്ണൂരിലെ സി.പി.എമ്മിന് ഒരു രക്തസാക്ഷിയെ കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. രക്തസാക്ഷികള്‍ക്കായി ഫണ്ട് പിരിക്കുകയും അത് അടിച്ചുമാറ്റുകയുമാണ് പാര്‍ട്ടി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ യു.ഡി.എഫ് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാവിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി നടത്തുന്ന അഭിപ്രായ രൂപീകരണ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും യാത്ര പുനരാരംഭിക്കുക. നാളെ തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് അണികളെ സജ്ജമാക്കുന്നതിനും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനുമാണ് പുതുയുഗ യാത്ര ലക്ഷ്യമിടുന്നത്.