
സന്തോഷ് ട്രോഫി ഫൈനലില്‍ ഇന്ന് കേരളം സര്‍വീസസിനെ നേരിടും. അസമിലെ ധക്വാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ കേരളം എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
സെമി ഫൈനലില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും കേരളം വീഴ്ത്തിയിരുന്നു. മികച്ച ഫോമിലുള്ള സ്‌ട്രൈക്കര്‍മാരും ഉറച്ച പ്രതിരോധവുമാണ് കേരളത്തിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ മൂന്ന് മത്സരങ്ങളും ജയിച്ച കേരളത്തിന് ഈ ടൂര്‍ണമെന്റില്‍ ഏക തോല്‍വി വഴങ്ങേണ്ടി വന്നത് ഫൈനലിലെ എതിരാളികളായ സര്‍വീസസിനെതിരെയായിരുന്നു എന്നത് ഇന്നത്തെ മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു.
മറുവശത്ത്, ഗോവയെയും കര്‍ണാടകയെയും അട്ടിമറിച്ച് ഗ്രൂപ്പ് ഘട്ടത്തിലെത്തിയ സര്‍വീസസ് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയ പട്ടാളക്കാര്‍, സെമിയില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് വെല്ലുവിളിയായി എത്തുന്നത്.