യുവക്രിക്കറ്റിലെ വിസ്മയം; ലോകകപ്പ് ഫൈനലിൽ ചരിത്രമെഴുതി 14-കാരൻ വൈഭവ് സൂര്യവംശി

Jaihind News Bureau
Friday, February 6, 2026

ഹരാരെ: ലോക ക്രിക്കറ്റിൽ വിസ്മയമായി മാറുകയാണ് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പോരാട്ടത്തിൽ റെക്കോർഡുകൾ ഓരോന്നായി തകർത്തെറിഞ്ഞ വൈഭവ്, ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. വെറും 14 വയസ്സുകാരായ ഈ ഇടങ്കയ്യൻ ബാറ്റർ 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയാണ് ഹരാരെ ഗ്രൗണ്ടിൽ പുതിയ ചരിത്രം കുറിച്ചത്.

റെക്കോർഡുകൾ തകർന്ന് വീണ ഇന്നിങ്‌സ്

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച വൈഭവ് കേവലം 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ടു. പിന്നീട് ക്രീസിൽ സംഹാരരൂപം പൂണ്ട താരം 55 പന്തിൽ സെഞ്ച്വറി തികച്ചു. അണ്ടർ-19 ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇതോടെ വൈഭവിനു സ്വന്തമായി. വെടിക്കെട്ട് തുടർന്ന താരം 71 പന്തിൽ 150 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു.

മാറ്റിയെഴുതിയ ചരിത്രങ്ങൾ

ലോകകപ്പ് ഫൈനലിൽ 150 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന ബഹുമതി വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഒരു യൂത്ത് ഏകദിന ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (15) നേടുന്ന താരമെന്ന തന്റെ തന്നെ പഴയ റെക്കോർഡും (14 സിക്‌സർ) താരം ഈ മത്സരത്തിലൂടെ തിരുത്തിക്കുറിച്ചു.

ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തുന്ന താരമെന്ന റെക്കോർഡും ഇപ്പോൾ വൈഭവിന്റെ പേരിലാണ്. ഈ ടൂർണമെന്റിലുടനീളം താരം 26 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്. കൂടാതെ, അണ്ടർ-19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന ഖ്യാതിയും വൈഭവിനെ തേടിയെത്തി.

ബൗണ്ടറികളിലെ ആധിപത്യം

യൂത്ത് ഏകദിനത്തിൽ ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും സൂര്യവംശി മാറി. തന്റെ ഇന്നിങ്‌സിലെ 175 റൺസിൽ 150 റൺസും  ഫോറുകളിലൂടെയും സിക്‌സുകളിലൂടെയുമാണ് താരം നേടിയത് എന്നത് ഈ ഇന്നിങ്‌സിന്റെ മാറ്റു കൂട്ടുന്നു.

യുവക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഹരാരെയിലെ ഈ ബാറ്റിങ് വിരുന്ന്.