മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ അപകടം: 16 തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Jaihind News Bureau
Thursday, February 5, 2026

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുണ്ടായ ഖനി അപകടത്തില്‍ 16 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമായത്. നിരവധി തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ ഒരാള്‍ ബീഹാറിലെ കതിഗര ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെ അറിയിക്കാനുമുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. സ്‌ഫോടനം നടന്ന സമയത്ത് എത്രപേര്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ മേഘാലയ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുര്‍ഘടമായ സാഹചര്യമായതിനാല്‍ വളരെ ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മേഘാലയയിലെ കല്‍ക്കരി ഖനികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന അനധികൃത ഖനനം മുന്‍പും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും നല്‍കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.