രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല: പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; സഭ ബഹിഷ്‌കരിച്ചു

Jaihind News Bureau
Thursday, February 5, 2026

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ‘പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കൂ’ എന്ന മുദ്രാവാക്യങ്ങളുമായാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലുള്ള സംഘം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന്റെ കാരണം. ഡോക്ലാമിലും ഗല്‍വാനിലും ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ദേശീയ താല്‍പ്പര്യമുള്ളതാണെന്നും അത് സഭയില്‍ ഉന്നയിക്കാന്‍ അവകാശമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാല്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിഷയത്തെച്ചൊല്ലി ലോക്‌സഭയില്‍ വലിയ തോതില്‍ സമയം നഷ്ടപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച ലോക്‌സഭയില്‍ നിശ്ചയിച്ചിരുന്ന പ്രസംഗം പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു.

സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്ന് പ്രധാനമന്ത്രി സഭയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ ‘അപരിക്വവന്‍’ എന്ന് വിളിച്ച ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശത്തെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘പ്രതിപക്ഷ നേതാവിനെ സഭയില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കണം. എപ്സ്‌റ്റൈന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകളോ, ഇന്ത്യ-യുഎസ് കരാര്‍ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങളോ നേരിടാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണ്,’ പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍ എപ്സ്‌റ്റൈന്‍ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ തള്ളി.