
കൊല്ലം: ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള നീക്കം സംസ്ഥാന ആരോഗ്യവകുപ്പ് മനപ്പൂര്‍വ്വം അട്ടിമറിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചു. 2026-27 അധ്യയന വര്‍ഷം 50 എം.ബി.ബി.എസ് സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്താനുള്ള ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തീരുമാനമാണ് സര്‍ക്കാരിന്റെ പിടിവാശി മൂലം നടപ്പിലാകാതെ പോയത്. കേന്ദ്ര സഹായത്തോടെ ലഭിക്കുമായിരുന്ന 600 കോടിയോളം രൂപയുടെ വന്‍കിട പദ്ധതിയും ഇതോടെ കേരളത്തിന് ഈ വര്‍ഷം നഷ്ടമായെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എയിംസിന് സമാനമായ സൗകര്യങ്ങളോടെ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ആവശ്യമായ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ആരോഗ്യവകുപ്പ് ഫയല്‍ വൈകിപ്പിക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രികളുടെ കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് എം.പി. കുറ്റപ്പെടുത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് തുടങ്ങുന്ന സമയത്ത് വിവാദങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തിയാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ അനുമതി നിഷേധിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അപേക്ഷാ നടപടികളില്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയതായും എം.പി. ചൂണ്ടിക്കാട്ടി. നാഷണല്‍ മെഡിക്കല്‍ കമ്മീഷനില്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 28 ആയിരുന്നു. ജനുവരി 9-ന് തന്നെ അപേക്ഷ നല്‍കിയിട്ടും മാസാവസാനം വരെ യാതൊരു മറുപടിയും നല്‍കാതെ ഫയല്‍ തടഞ്ഞുവെച്ചു. പോരായ്മകള്‍ നികത്തിക്കൊള്ളാമെന്ന് ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ നേരിട്ട് അണ്ടര്‍ടേക്കിംഗ് നല്‍കിയിട്ടും ആരോഗ്യവകുപ്പ് അത് പരിഗണിച്ചില്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഫെബ്രുവരി 3 വരെ നീട്ടിയിട്ടും, അവസാന ദിവസം രാത്രി വരെ ഫയല്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച ശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആരോഗ്യമേഖലയെ വാണിജ്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥരും സ്വകാര്യ ലോബികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. തൊഴിലാളികളോടും കശുവണ്ടി തൊഴിലാളികളോടും കാണിച്ച ഈ വഞ്ചനയ്ക്ക് ജനങ്ങള്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.