
പത്തനംതിട്ട: ശബരിമലയ ആടിയ ശിഷ്ടം നെയ്വില്പനയില് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ കേസില്‍ ദേവസ്വം ജീവനക്കാരന് അറസ്റ്റില്‍. കേസിലെ 13-ാം പ്രതിയും ദേവസ്വം ബോര്‍ഡിലെ കീഴ്ശാന്തിയുമായ സുനില്‍ കുമാര്‍ പോറ്റിയെയാണ് വിജിലന്‍സ് പ്രത്യേക സംഘം പിടികൂടിയത്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയെ പിടിച്ചുലച്ച നെയ്യ് അഴിമതിക്കേസിലെ ആദ്യ അറസ്റ്റാണിത്.
ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നെയ്യ് വില്പനയിലെ ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നത്. ഏതാണ്ട് 35 ലക്ഷം രൂപയുടെ നഷ്ടമാണ് ബോര്ഡിനുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ചുരുങ്ങിയ കാലയളവില്‍ നടന്ന ഈ വലിയ കൊള്ള ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, സംസ്ഥാന വിജിലന്‍സിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് അന്വേഷണം ഊര്‍ജിതമാക്കിയത്.
2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 16,628 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് കണ്ടെത്തി. 100 മില്ലി നെയ്യ് പാക്കറ്റ് 100 രൂപയ്ക്കാണ് ഭക്തര്‍ക്ക് വില്‍ക്കുന്നത്. വിതരണം ചെയ്ത 3.5 ലക്ഷത്തിലധികം പാക്കറ്റുകളില്‍ 13,679 എണ്ണത്തിന് രേഖകളില്ല. നെയ്യ് പാക്കറ്റുകളുടെ മഹസര്‍ രേഖപ്പെടുത്തുന്നതിലും പണം ബാങ്കിലടയ്ക്കുന്നതിലും സുനില്‍ കുമാര്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ചില ദേവസ്വം ജീവനക്കാര്‍ക്ക് സത്യസന്ധമായി ജോലി ചെയ്യുന്നതിനേക്കാള്‍ താല്‍പ്പര്യം പണം കൊള്ളയടിക്കാനാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഴിമതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സുനില്‍ കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനം.