“ഇതാണോ ഗണേഷ് കുമാറിന്റെ നമ്പർ 1 ഗതാഗതം?”; കെ.എസ്.ആർ.ടി.സി യാത്രയിലെ ദുരിതം വിവരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

Jaihind News Bureau
Wednesday, February 4, 2026

കെഎസ്ആര്‍ടിസി ബസിലെ ദുരനുഭവം പങ്കുവെച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുലർച്ചെ നാല് മണിക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് യാത്രയ്ക്കിടെ തകരാറിലായതിനെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. പുലർച്ചെ 5.30-ഓടെ കൂത്താട്ടുകുളത്ത് വെച്ചാണ് ബസ് പണിമുടക്കിയത്. ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തിരിച്ചവരാണ് വെളുപ്പിന് നടുറോഡിൽ ഇറങ്ങേണ്ടി വന്നത്. വണ്ടിക്ക് രണ്ട് ദിവസം മുൻപ് തന്നെ തകരാറുകൾ ഉണ്ടായിരുന്നതായി ഡ്രൈവർ വെളിപ്പെടുത്തിയതായി  നിഷ സോമൻ പറഞ്ഞു.

തകരാറുള്ള വണ്ടിക്ക് എന്തിനാണ് ഓൺലൈൻ ബുക്കിംഗ് നൽകി യാത്രക്കാരെ ദുരിതത്തിലാക്കിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല. പകരം സംവിധാനം എപ്പോൾ വരുമെന്ന കാര്യത്തിലും വ്യക്തത കുറവായിരുന്നു. വണ്ടി കാത്തുനിൽക്കുന്നതിനിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു സ്റ്റാൻഡിൽ ഉണ്ടായിരുന്നതെന്ന് നിഷ സോമൻ ആരോപിച്ചു.

കൂത്താട്ടുകുളം സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടിക്കിടക്കുകയായിരുന്നു. വെള്ളമില്ലാത്തതിനാലാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നത് എന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ‘നമ്പർ വൺ’ പരിഷ്കാരങ്ങൾക്കിടയിലും കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യങ്ങളും കെടുകാര്യസ്ഥതയും യാത്രക്കാരെ വട്ടംകറക്കുകയാണെന്ന് അവർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പരിഹസിച്ചു.