
വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ കനത്ത താക്കീത്. ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മെറ്റയോട് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കേന്ദ്ര ഐടി മന്ത്രാലയത്തെ കോടതി കക്ഷി ചേര്‍ത്തു.
വാട്സാപ്പിന്റെ സ്വകാര്യതാ നയം വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള ഒരു ‘മാന്യമായ മാര്‍ഗ്ഗമായി മാറിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും, ഉപഭോക്താക്കളുടെ സ്വഭാവരീതികള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ഡോക്ടര്‍ക്ക് അസുഖത്തെക്കുറിച്ച് സന്ദേശം അയച്ചാല്‍ ഉടന്‍ തന്നെ മരുന്നുകളുടെ പരസ്യം ഫോണില്‍ വരുന്നത് എങ്ങനെയാണെന്ന് ചീഫ് ജസ്റ്റിസ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ട് ചോദിച്ചു. വാട്സാപ്പ് ഒരു കുത്തകയായി മാറിയെന്നും ഉപഭോക്താക്കളുടെ ഭരണഘടനാപരമായ സ്വകാര്യതാ അവകാശങ്ങളെ കമ്പനി പരിഹസിക്കുകയൊണന്നും കോടതി കുറ്റപ്പെടുത്തി
വാട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ ചുമത്തിയ 213.14 കോടി രൂപ പിഴയ്ക്കെതിരെ മെറ്റയും വാട്സാപ്പും നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. പരസ്യ ആവശ്യങ്ങള്‍ക്കായി മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി വാട്സാപ്പ് വിവരങ്ങള്‍ പങ്കിടുന്നത് നിയമവിരുദ്ധമാണെന്ന് സി.സി.ഐ കണ്ടെത്തിയിരുന്നു.സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മെറ്റയോട് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കേന്ദ്ര ഐടി മന്ത്രാലയത്തെ കോടതി കക്ഷി ചേര്‍ത്തു.
മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, അഖില്‍ സിബല്‍ എന്നിവര്‍ മെറ്റയ്ക്കും വാട്സാപ്പിനും വേണ്ടി ഹാജരായപ്പോള്‍, കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാടറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍ വില്‍ക്കുക മാത്രമല്ല, അവ വാണിജ്യപരമായി വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കേസ് കൂടുതല്‍ വാദത്തിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.