
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലിയുള്ള വിവാദങ്ങളും മുൻ കരസേന മേധാവിയുടെ വെളിപ്പെടുത്തലുകളും ഇന്ന് പാർലമെന്റിനെ കലുഷിതമാക്കും. വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ത്യൻ പ്രധാനമന്ത്രിക്ക് മുൻപേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുൻപിൽ ഇന്ത്യയുടെ താല്പര്യങ്ങൾ അടിയറവ് വെച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വ്യാപാര കരാറിന്റെ കാര്യത്തിൽ മോദി ട്രംപിന് കീഴ്പ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തുറന്നടിച്ചിരുന്നു. കരാറിലെ നിബന്ധനകൾ പുറത്തുവിടാത്തതും അമേരിക്കൻ പ്രസിഡന്റ് ഇത് ഏകപക്ഷീയമായി പ്രഖ്യാപിച്ചതും ഇന്ത്യയുടെ പരമാധികാരത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സഭാനടപടികൾ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെങ്കിലും, ചട്ടം ലംഘിച്ചുള്ള നീക്കങ്ങൾക്ക് അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് സ്പീക്കർ.
വ്യാപാര കരാറിനൊപ്പം തന്നെ മുൻ കരസേന മേധാവി എം.എം. നരവനെയുടെ വെളിപ്പെടുത്തലുകളും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഉപയോഗിക്കും. അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങൾ നടന്നപ്പോൾ കേന്ദ്ര സർക്കാർ സൈന്യത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ തയ്യാറായില്ലെന്ന നരവനെയുടെ കുറിപ്പാണ് വിവാദമായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ വിഷയം സഭയിൽ ഉന്നയിക്കാനാണ് കോൺഗ്രസ് നീക്കം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ ഈ വിഷയത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം.