
ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എടുത്ത തീരുമാനങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
നരവാനെയുടെ പുസ്തകത്തില്‍ പ്രധാനമന്ത്രിയുമായും പ്രതിരോധ മന്ത്രിയുമായും നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും, എന്നാല്‍ ഇത് ജനങ്ങള്‍ അറിയാതിരിക്കാന്‍ സര്‍ക്കാര്‍ പുസ്തകത്തിന് അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിര്‍ത്തിയില്‍ ചൈനീസ് സേന വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ രാജ്യത്തെ നയിക്കേണ്ടവര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും സത്യം പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് പറയുന്നവര്‍ ചൈനീസ് കടന്നുകയറ്റത്തിന് മുന്നില്‍ എവിടെയായിരുന്നുവെന്ന് രാജ്യം അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.