
കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ദീർഘവീക്ഷണമില്ലാത്തതുമാണെന്ന് മുൻ ധനമന്ത്രിയും എംപിയുമായ പി. ചിദംബരം വിമർശിച്ചു. സാമ്പത്തിക സർവ്വേ മുന്നോട്ടുവെച്ച ഗൗരവകരമായ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ബജറ്റ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യം നേരിടുന്ന പത്ത് പ്രധാന വെല്ലുവിളികളെ, പ്രത്യേകിച്ച് തൊഴിലില്ലായ്മ, വ്യാപാര കമ്മി, സ്വകാര്യ നിക്ഷേപത്തിലെ കുറവ് തുടങ്ങിയവയെ അഭിസംബോധന ചെയ്യാൻ ബജറ്റിനായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേവലം അക്ഷരക്കൂട്ടങ്ങളും ചുരുക്കപ്പേരുകളും വിളിച്ചുപറയുന്ന ഒരു പ്രസംഗമായി ബജറ്റ് മാറിയെന്നും, സാമ്പത്തിക സർവ്വേയിലെ നിർദ്ദേശങ്ങളെ കേന്ദ്രം പൂർണ്ണമായും അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മേഖലകളിലെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതിനെ ചിദംബരം കണക്കുകൾ സഹിതം ചോദ്യം ചെയ്തു. ഗ്രാമവികസനത്തിന് 53,067 കോടി രൂപയും നഗരവികസനത്തിന് 39,573 കോടി രൂപയും കുറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ 6,701 കോടിയും ആരോഗ്യ മേഖലയിൽ 3,686 കോടിയും വിഹിതം കുറഞ്ഞു. ഇതിൽ ഏറ്റവും ക്രൂരമായത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിഹിതം 67,000 കോടിയിൽ നിന്നും 17,000 കോടിയായി കുറച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മൂലധനച്ചെലവ് ജി.ഡി.പിയുടെ 3.2 ശതമാനത്തിൽ നിന്നും 3.1 ശതമാനമായി കുറഞ്ഞത് വികസന മുരടിപ്പിന് കാരണമാകും. ധനക്കമ്മി കുറയ്ക്കുന്നതിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. വരുമാനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടും അത് മറച്ചുവെച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. 24-ഓളം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.