‘നയമില്ല, കാഴ്ചപ്പാടില്ല, വെറും ശൂന്യം’; കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

Jaihind News Bureau
Sunday, February 1, 2026

ന്യൂഡൽഹി: മോദി സർക്കാർ അവതരിപ്പിച്ച 2026-27 കേന്ദ്ര ബജറ്റ് രാജ്യത്തെ സാമ്പത്തിക, സാമൂഹിക വെല്ലുവിളികൾക്ക് ഒരു പരിഹാരവും കാണാത്ത ഒന്നാണെന്ന് എഐസിസി അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നയപരമായ കാഴ്ചപ്പാടോ രാഷ്ട്രീയ ഇച്ഛാശക്തിയോ ഇല്ലാത്ത ഈ ബജറ്റ് വെറും ശൂന്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

​പ്രധാന വിമർശനങ്ങൾ:

​അവഗണിക്കപ്പെട്ട അന്നദാതാക്കൾ: രാജ്യത്തെ കർഷകർക്ക് അർഹമായ ക്ഷേമപദ്ധതികളോ വരുമാന സുരക്ഷാ പദ്ധതിയോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു.

സാമൂഹിക നീതിയുടെ അഭാവം:

ബ്രിട്ടീഷ് ഭരണകാലത്തെക്കാൾ വലിയ അസമത്വമാണ് രാജ്യത്ത് നിലനിൽക്കുന്നത്. എന്നാൽ എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബജറ്റിൽ ഒരു നീക്കവുമില്ല.

തകരുന്ന ഫെഡറലിസം:

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം നൽകുന്ന ഒന്നല്ല ധനകാര്യ കമ്മീഷൻ ശുപാർശകൾ. ഇത് സഹകരണ ഫെഡറലിസത്തെ തകർക്കുന്ന നീക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
​തൊഴിലില്ലായ്മയും മാനുഷിക വിഭവശേഷിയും: യുവജനങ്ങൾക്ക് തൊഴിൽ നൽകാനോ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ കൂടുതൽ അവസരം ഉറപ്പാക്കാനോ ബജറ്റിൽ പദ്ധതിയൊന്നുമില്ല. നേരത്തെ പ്രഖ്യാപിച്ച ഇന്റേൺഷിപ്പ്, നൈപുണ്യ വികസന പദ്ധതികൾ എവിടെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു.

നിർമ്മാണ മേഖലയുടെ തകർച്ച:

‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികൾ പരാജയപ്പെട്ട സാഹചര്യത്തിൽ, മാനുഫാക്ചറിംഗ് മേഖലയെ ഉത്തേജിപ്പിക്കാൻ പുതിയ തന്ത്രങ്ങളൊന്നുമില്ല. കയറ്റുമതിയിലെ ഇടിവിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും ബജറ്റ് മറുപടി നൽകുന്നില്ല.
​മധ്യവർഗത്തോടുള്ള അവഗണന: വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്കും മധ്യവർഗത്തിനും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളില്ല. സേവിങ്സ് കുറയുകയും കടബാധ്യത കൂടുകയും ചെയ്യുന്ന ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ബജറ്റിൽ ഒന്നുമില്ല.
​സാമൂഹിക സുരക്ഷ: തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരം കൊണ്ടുവന്ന പുതിയ നിയമത്തിനായി എന്ത് തുക മാറ്റിവെച്ചു എന്ന കാര്യത്തിൽ ബജറ്റ് നിശബ്ദമാണ്. സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി കാര്യമായ പ്രഖ്യാപനങ്ങളില്ല.
​”പരിഷ്കരണ എക്സ്പ്രസ് (Reform Express) ഒരിക്കലും പരിഷ്കരണ ജങ്ഷനുകളിൽ നിർത്താറില്ല എന്ന് പരിഹസിച്ച ഖാർഗെ, ഇത് കേവലം മുദ്രാവാക്യങ്ങൾ പോലും ഇല്ലാത്ത, നയരൂപീകരണത്തിൽ പരാജയപ്പെട്ട ബജറ്റാണെന്നും കൂട്ടി ചേർത്തു.