
പയ്യന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വിവാദമായ ഭൂമി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വി. കുഞ്ഞികൃഷ്ണൻ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പയ്യന്നൂരിലെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഉപയോഗശൂന്യമായ ചതുപ്പ് ഭൂമി വൻ തുക നൽകി വാങ്ങിയതിന് പിന്നിൽ കോടികളുടെ കമ്മീഷൻ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം.
2018-ൽ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരേക്കറിലധികം ഭൂമിയാണ് ബാങ്ക് വാങ്ങിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ഈ ഇടപാടിൽ ആദ്യത്തെ 35 സെന്റ് ഏഴേകാൽ കോടി രൂപയ്ക്കും, രണ്ടാമത്തെ 68 സെന്റ് 14 കോടി രൂപയ്ക്കുമടുത്താണ് രജിസ്റ്റർ ചെയ്തത്. അതായത് സെന്റിന് 19 ലക്ഷത്തോളം രൂപ ബാങ്ക് നൽകി. എന്നാൽ, ഈ ഭൂമിയുടെ മുൻ രേഖകൾ പരിശോധിക്കുമ്പോൾ സെന്റിന് നാല് ലക്ഷത്തിന് താഴെ മാത്രമാണ് മുൻ ഉടമകൾ നൽകിയിട്ടുള്ളത്. തൊട്ടടുത്തുള്ള ഭൂമി പോലും അക്കാലത്ത് സെന്റിന് 5 ലക്ഷത്തിന് കച്ചവടം നടക്കുമ്പോഴാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഇത്രയും ഭീമമായ തുക നൽകിയത് എന്നത് വെട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഈ ഇടപാടുകൾക്ക് പിന്നിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനന്റെ വിശ്വസ്തരായ ഭൂമി ദല്ലാൾമാരാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു. ആരോപണത്തിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ പാർട്ടി ശാസിച്ചെങ്കിലും, 20 കോടിയോളം രൂപ മുടക്കി വാങ്ങിയ ഭൂമി ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ ഇടപാടിൽ വൻ തുക കമ്മീഷനായി കൈപ്പറ്റിയവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.