
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയിയെ (57) ബെംഗളൂരുവിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ബെംഗളൂരു ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തിന്റെ വസതികളിലും ഓഫീസുകളിലും പരിശോധന ആരംഭിച്ചത്. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിനെത്തിയത്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ, അവർ ആവശ്യപ്പെട്ട ചില രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ റോയ്, അവിടെ വെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.
മുൻപും പലതവണ തന്റെ സ്ഥാപനങ്ങളിൽ നടന്ന ആദായനികുതി റെയ്ഡുകൾക്കെതിരെ സി.ജെ. റോയ് കോടതിയെ സമീപിച്ചിരുന്നു. കേരളം, കർണാടക എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമായി പടർന്നു കിടക്കുന്ന വമ്പൻ വ്യവസായ ശൃംഖലയുടെ അമരക്കാരനായിരുന്നു അദ്ദേഹം. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം വ്യവസായ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.