
കേരളത്തിന്റെ വിവിധ മേഖലകളിലെ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ സമഗ്ര ഗവേഷണ നയരേഖ കെപിസിസി പുറത്തിറക്കി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോളിസി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ വെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയാണ് രേഖ പ്രകാശനം ചെയ്തത്. കെപിസിസി ഗവേഷണ-നയകാര്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ദ്ധര്‍ സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളെ സമഗ്രമായി വിലയിരുത്തിയാണ് ഈ നയരേഖ തയ്യാറാക്കിയിരിക്കുന്നത്. ഭാവി കേരളത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഈ ഗവേഷണ രേഖ വലിയ മുതല്‍ക്കൂട്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതികളില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. മാറുന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിന് പരിഹാരം കാണുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ നയരേഖയിലെ കാതലായ നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നയരേഖ തയ്യാറാക്കിയ വിദഗ്ദ്ധരെയും വിവിധ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശദമായ ചര്‍ച്ച അടുത്ത മാസം മൂന്നിന് ഇന്ദിരാഭവനില്‍ നടക്കും. ചര്‍ച്ചകള്‍ക്ക് ശേഷം പരിഷ്‌കരിച്ച രേഖ യുഡിഎഫിന്റെ ആധികാരിക വികസന രേഖയായി പ്രഖ്യാപിക്കും.