ആര്‍ആര്‍ടിഎസ് വെറും വേസ്റ്റ്; സര്‍ക്കാരിന്റേത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ഇ. ശ്രീധരന്‍

Jaihind News Bureau
Friday, January 30, 2026

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം-കാസര്‍കോട് ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് വെറും ‘വേസ്റ്റ്’ ആണെന്നും, ഈ പദ്ധതി ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ദൂരത്തില്‍ ഇത്തരമൊരു പദ്ധതി പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെങ്ങന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടില്‍ മാത്രമേ ആര്‍ആര്‍ടിഎസ് പരമാവധി വേഗതയില്‍ നടപ്പാക്കാന്‍ കഴിയൂ. ഇതിനപ്പുറം റെയിലിന് വേഗത കുറയ്‌ക്കേണ്ടി വരുമെന്നും, അതുകൊണ്ട് തന്നെ പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കാനാവില്ലെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. പദ്ധതിയുടെ സര്‍വേ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമില്ലായിരിക്കാം, എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ വലിയ പ്രതിസന്ധിയാകും. സ്ഥലം ഏറ്റെടുക്കല്‍ ഘട്ടമെത്തുമ്പോള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടാകുമോയെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.