‘മധുസൂദനന്‍ തീര്‍ത്താല്‍ തീരാത്ത പക വെക്കുന്ന നേതാവ്’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ രൂക്ഷവിമര്‍ശനം

Jaihind News Bureau
Friday, January 30, 2026

വി. കുഞ്ഞികൃഷ്ണന്‍ രചിച്ച ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം സി.പി.എം കേന്ദ്രങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മധുസൂദനന്‍ ഒരു ബൂര്‍ഷ്വാ രാഷ്ട്രീയക്കാരനാണെന്നും, വിമര്‍ശിക്കുന്നവരോട് തീര്‍ത്താല്‍ തീരാത്ത പക വെയ്ക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്വന്തമായി ആശ്രിതരെ സൃഷ്ടിക്കാനും അവരെ പിന്‍ഗാമികളാക്കാനും എം.എല്‍.എ ശ്രമിക്കുന്നുവെന്നും, സഹകരണ സ്ഥാപനങ്ങളിലെ ജോലി പോലും പാര്‍ട്ടി നല്‍കിയതല്ല മറിച്ച് താന്‍ നല്‍കിയതാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുന്നുവെന്നും വി. കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകളില്‍ നടന്ന ക്രമക്കേടുകളാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ഫണ്ട്, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നടന്ന തിരിമറികള്‍ അക്കമിട്ട് നിരത്തുന്ന പുസ്തകം, ജില്ലാ കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക കണക്കുകളും യഥാര്‍ത്ഥ കണക്കുകളും തമ്മിലുള്ള വലിയ വ്യത്യാസം പുറത്തുകൊണ്ടുവരുന്നു. ഒരാഴ്ച മുന്‍പ് പയ്യന്നൂരിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പുസ്തകത്തിന്റെ പകര്‍പ്പ് വി. കുഞ്ഞികൃഷ്ണന്‍ നല്‍കിയിരുന്നു. ഇത് വായിച്ച സെക്രട്ടറി പുസ്തകത്തെ വിശേഷിപ്പിച്ചത് ഒരു ‘ബോംബ്’ എന്നാണ്.

വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകം അടുത്ത ബുധനാഴ്ച വൈകുന്നേരം 4:30-ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വെച്ച് പ്രകാശനം ചെയ്യും. പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ വി.എസ്. അനില്‍കുമാര്‍ അത് ഏറ്റുവാങ്ങും. ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് പ്രതിപാദിക്കുന്ന സൗമ്യ ഭൗമിക്കിന്റെ ‘ഗാങ്സ്റ്റര്‍ സ്റ്റേറ്റ്’ എന്ന പുസ്തകത്തിന് ലഭിച്ചതിന് സമാനമായ സ്വീകാര്യത ഈ വെളിപ്പെടുത്തലുകള്‍ക്കും ലഭിക്കുമെന്നാണ് പൊതുസമൂഹം കരുതുന്നത്. എം.എല്‍.എയ്ക്കെതിരായ ഈ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത് എന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകുന്നു.