
ബരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു. ഇന്ന് രാവിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയും എന്‍.സി.പി നേതാവുമായ കിരണ്‍ ഗുജാര്‍ സ്ഥിരീകരിച്ചു.
മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനം രാവിലെ 8:48-ഓടെ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ബാരാമതി എയര്‍പോര്‍ട്ട് മാനേജര്‍ ശിവാജി താവരെ അറിയിച്ചു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു.
അജിത് പവാറിനെ കൂടാതെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം മണ്ഡലമായ ബാരാമതിയില്‍ സംഘടിപ്പിച്ച നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു അദ്ദേഹം.സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും തീയും പുകയും ഉയരുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.