പണ്ട് ‘കാശ് കൊടുത്താല്‍ കിട്ടുന്ന സാധനം’; ഇന്ന് ‘മമ്മൂട്ടിക്കൊപ്പം ലഭിച്ച ഭാഗ്യം’; വെള്ളാപ്പള്ളിയുടെ ‘പത്മ’ വിപ്ലവം

Jaihind News Bureau
Monday, January 26, 2026

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പത്മ പുരസ്‌കാരങ്ങളെ പരിഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മുൻപ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പുരസ്‌കാരങ്ങൾക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

അന്ന് പത്മ പുരസ്‌കാരങ്ങൾക്ക് എന്ത് വിലയാണുള്ളതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. പത്മഭൂഷൺ ഒക്കെ കാശ് കൊടുത്താൽ കിട്ടുന്ന സാധനമായി മാറിയെന്നും തരാമെന്ന് പറഞ്ഞാൽ പോലും താൻ അത് വാങ്ങില്ലെന്നും അദ്ദേഹം അന്ന് തുറന്നടിച്ചിരുന്നു. “പത്മഭൂഷൺ ഏത് പട്ടിക്ക് വേണം” എന്ന അദ്ദേഹത്തിന്റെ പരാമർശമാണ് പുരസ്‌കാരം ലഭിച്ച വേളയിൽ സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്.

എന്നാൽ ഇന്ന് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് താൻ ചോദിച്ചു വാങ്ങിയതല്ല, ജനങ്ങൾ തന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം ഗുരുവിന് സമർപ്പിക്കുന്നുവെന്നും നടൻ മമ്മൂട്ടിക്കൊപ്പം തനിക്കും പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും മമ്മൂട്ടിയും ഒരേ മാസത്തിൽ ജനിച്ചവരാണെന്ന കൗതുകകരമായ വസ്തുതയും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു.