
ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണ പുതുക്കി ഇന്ത്യ ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. നാഷണൽ വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. പതാക ഉയർത്തലിനും ദേശീയ ഗാനത്തിനും പിന്നാലെ തദ്ദേശീയമായി നിർമ്മിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ആചാരവെടികളും പരേഡിന് മാറ്റുകൂട്ടും.
1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26-നാണ് സ്വന്തം ഭരണഘടന നിലവിൽ വന്നത്. ഡോ. ബാബാസാഹേബ് അംബേദ്കർ ചെയർമാനായ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറി. 1949 നവംബർ 26-ന് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് അത് ഔദ്യോഗികമായി നടപ്പിലാക്കിയത്. ഇതോടെ ബ്രിട്ടീഷ് നിയമങ്ങളിൽ നിന്ന് മോചിതയായ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദ് ചുമതലയേറ്റു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരാണ് മുഖ്യാതിഥികൾ. ലോക അത്‌ലറ്റിക് പാരാ ചാമ്പ്യൻഷിപ്പ് വിജയികൾ, കർഷകർ, പുനരധിവസിപ്പിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഗഗൻയാൻ-ചന്ദ്രയാൻ ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലെ 10,000-ത്തോളം പ്രത്യേക അതിഥികൾ ചടങ്ങിൽ സാക്ഷികളാകും.
‘ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത്’ എന്ന പ്രമേയത്തിലാണ് കേരളം ഇത്തവണ നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്. കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും പ്രമേയമാകുന്ന ടാബ്ലോയ്ക്ക് സംഗീത സംവിധായകൻ മോഹൻ സിത്താര ഒരുക്കിയ ഗാനം പശ്ചാത്തലമാകും. വിവിധ സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങൾ കർത്തവ്യ പഥിലെ പരേഡിന് മിഴിവേകും.