‘പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും’; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Jaihind News Bureau
Sunday, January 25, 2026

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ പരസ്യമായി വധഭീഷണി മുഴക്കി മുൻ മന്ത്രി എം.എം. മണി. മൂന്നാറിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പ്രകോപനപരമായ പ്രസംഗം. പാർട്ടിയെ വെല്ലുവിളിച്ച രാജേന്ദ്രനെ സഖാക്കൾ ‘കൈകാര്യം ചെയ്യണ’മെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ ‘തീർത്തുകളയണം’ എന്നുമായിരുന്നു മണിയുടെ ഭീഷണി. ‘രാജേന്ദ്രൻ ചത്തുപോയാൽ ഭാര്യക്ക് പെൻഷൻ കിട്ടും’ എന്ന അങ്ങേയറ്റം ആക്ഷേപകരമായ പരാമർശവും അദ്ദേഹം നടത്തി. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവർക്കെതിരെ പാർട്ടി നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പും പ്രസംഗത്തിലുണ്ടായിരുന്നു.

എസ്. രാജേന്ദ്രൻ ബിജെപി പാളയത്തിലെത്തിയത് ഇടുക്കിയിലെ സിപിഎമ്മിനും പ്രത്യേകിച്ച് എം.എം. മണിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. മണി നിരന്തരം രാജേന്ദ്രനെ അധിക്ഷേപിക്കുന്നത് പതിവായതാണ് ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചത്. ഈ വ്യക്തിപരമായ പോരും ശത്രുതയുമാണ് രാജേന്ദ്രൻ സിപിഎം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മൂന്നാറിൽ രാജേന്ദ്രൻ സ്വാധീനം ഉറപ്പിക്കുന്നത് തടയാൻ മണി ക്രിമിനൽ ഭാഷയിൽ ഭീഷണി മുഴക്കുന്നത് ജില്ലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

എം.എം. മണിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ വധഭീഷണി അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ, കോൺഗ്രസ് നേതാക്കളെ ‘വൺ ടൂ ത്രീ’ എന്ന രീതിയിൽ പട്ടികയിട്ട് കൊലപ്പെടുത്തിയെന്ന് മണി വെളിപ്പെടുത്തിയത് ഇതേപോലെ ഒരു പൊതുവേദിയിലായിരുന്നു. അന്ന് ആ ഞെട്ടിക്കുന്ന വിവരം ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടതോടെയാണ് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടായതും മണി നിയമനടപടികൾ നേരിട്ടതും. ഇത്രയും ഗൗരവമേറിയ വധഭീഷണി പരസ്യമായി മുഴക്കിയിട്ടും പോലീസ് നോക്കുകുത്തിയായി നിൽക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, ബിജെപിയുടെ ഭാഗത്തുനിന്നും രാജേന്ദ്രന്റെ തട്ടകമായ മൂന്നാറിൽ കാര്യമായ പ്രതികരണം വരാത്തതും ശ്രദ്ധേയമാണ്.