നിശബ്ദതയിൽ നിന്ന് കരുത്തിലേക്ക്; ഇന്ദിരാഗാന്ധി അധികാരമേറ്റിട്ട് ഇന്ന് 60 വർഷം

Jaihind News Bureau
Saturday, January 24, 2026

ഇന്ദിര ഗാന്ധി പ്രധാമന്ത്രിയായി ചുമതലയേറ്റതിന്റെ 60ആം വാര്‍ഷിക ദിനാമാണിന്ന്. 49ആം വയസ്സിലാണ് ഇന്ദിര ഗാന്ധി ലോകത്തിലെ രണ്ടാം വനിത പ്രധാന മന്ത്രിയായി ചരിത്രത്തിലേക്ക് നടന്നു കയറുന്നത്. 1966 ജനുവരി 24നാണ് ഇന്ദിരാ യുഗത്തിന് തുടക്കം കുറിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി 1966 ജനുവരി 24-നാണ് ഇന്ദിരാഗാന്ധി അധികാരമേൽക്കുന്നത്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് രാജ്യം രാഷ്ട്രീയമായ വെല്ലുവിളികൾ നേരിട്ട കാലത്താണ് ഇന്ദിര ഭരണസാരഥ്യം ഏറ്റെടുത്തത്. വെറും 49-ാം വയസ്സിൽ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ, ലോകചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്ന നേട്ടവും അവർ സ്വന്തമാക്കി. ‘നിശബ്ദയായ പാവ’ എന്ന് വിളിച്ച് എതിരാളികൾ പരിഹസിച്ചെങ്കിലും, പിൽക്കാലത്ത് ഇന്ത്യയുടെ കരുത്തുറ്റ ‘ഉരുക്കുവനിത’യായി അവർ സ്വയം അടയാളപ്പെടുത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ദിരാ യുഗത്തിന്റെ തുടക്കമായിരുന്നു ആ ദിവസം. അന്ന് അധികാരമേറ്റ ഇന്ദിര, ബാങ്ക് ദേശസാൽക്കരണം, ഹരിത വിപ്ലവം, 1971-ലെ പാകിസ്ഥാനെതിരായ വിജയം എന്നിങ്ങനെ ഇന്ത്യയുടെ ഗതി മാറ്റിയ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. വിദേശനയങ്ങളിലും ആഭ്യന്തര സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അവർ, ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ നേതാവായി മാറി. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ജനുവരി 24 എന്നത് ഒരു വനിതയുടെ അധികാരക്കൈമാറ്റത്തിനപ്പുറം, ആത്മവിശ്വാസമുള്ള ഒരു നവ ഇന്ത്യയുടെ പിറവിയുടേതുകൂടിയാണ്.