
പുതിയ വിബിജി റാം ജി നിയമത്തിന്റെ ഫണ്ടിംഗ് രീതിയെക്കുറിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉന്നയിച്ച ആശങ്കകൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ നിർണ്ണായകമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ നിലനിൽപ്പിന് അനിവാര്യമായ ബിജെപി സഖ്യകക്ഷി തന്നെ ഈ വിഷയത്തിൽ രംഗത്തുവന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമം പിൻവലിച്ച് തൊഴിലുറപ്പ് പദ്ധതി പരിഷ്കാരങ്ങളോടെ പുനഃസ്ഥാപിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പുതിയ നിയമം സഹകരണ ഫെഡറലിസത്തെ തകർക്കുന്നതാണെന്ന് കർണാടക ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ഒരു ബിജെപി സഖ്യകക്ഷി തന്നെ ഈ ആശങ്ക പങ്കുവെക്കുന്നത് എൻഡിഎയ്ക്കുള്ളിലെ വിള്ളലാണ് കാണിക്കുന്നതെന്നും അദ്ദേഹം തന്റെ ‘എക്സ്’ ഹാൻഡിലിൽ കുറിച്ചു. തൊഴിൽ സുരക്ഷ എന്നത് ചർച്ചകളിലൂടെ തീരുമാനിക്കേണ്ട ഒന്നല്ലെന്നും അത് ജനങ്ങളുടെ നിയമപരമായ അവകാശമാണെന്നും സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു.