
നെയ്യാറ്റിന്‍കര: കവളാകുളത്ത് ഒരു വയസുകാരന് മരിച്ച സംഭവത്തില്‍ പിതാവ് ഷിജിനെ (32) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. മകന് ഇഹാനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി സമ്മതിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇഹാന്‍ വീട്ടില്‍ കുഴഞ്ഞുവീണത്. അച്ഛന് നല്കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയും വായില്‍ നിന്ന് നുരയും പതയും വരികയുമായിരുന്നു എന്നായിരുന്നു അമ്മയുടെ പ്രാഥമിക മൊഴി. എന്നാല്‍, ശനിയാഴ്ച ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചതോടെ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണ്ണായകമായത്. അടിവയറ്റിലേറ്റ മാരകമായ ആഘാതത്തെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ കൈയ്യില്‍ നേരത്തെയുള്ള ഒരു പൊട്ടല്‍ കൂടി കണ്ടെത്തിയത് പൊലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു.
ഭാര്യ കൃഷ്ണപ്രിയയോടുള്ള പിണക്കവും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയവുമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്കി. കുഞ്ഞിനെ പ്രതിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിനെച്ചൊല്ലി വീട്ടില്‍ നിരന്തരം കലഹങ്ങള്‍ നടന്നിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റില്‍ ശക്തമായി പ്രഹരിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇവരെ പ്രത്യേകം ചോദ്യം ചെയ്തു. ഇതോടെ ഷിജിന് കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.