ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം; ഒമ്പത് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Thursday, January 22, 2026

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. ഭദര്‍വ – ചംബ റോഡിലെ ഖാനി ടോപ്പിന് സമീപം സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

പതിനേഴ് ജവാന്മാരുമായി പോവുകയായിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ വാഹനം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെ അടിയന്തര ചികിത്സയ്ക്കായി ഉധംപൂരിലെ മിലിട്ടറി ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം മാറ്റി. നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.