വാസുവിന് ജാമ്യമില്ല; കടകംപള്ളിക്ക് നിലയുമില്ല; സിപിഎമ്മിന് ഇന്ന് ഏഴരശനി

Jaihind News Bureau
Thursday, January 22, 2026

സിപിഎമ്മിന്റെ കലണ്ടറില്‍ ഇന്ന് കരിദിനമാണോ അതോ കഷ്ടകാലമാണോ എന്ന് തിട്ടപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങ് ഡല്‍ഹിയിലെ സുപ്രീം കോടതിയില്‍ നിന്ന് തുടങ്ങിയ ‘അടി’ തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത് വെറുമൊരു സാങ്കേതിക തള്ളലല്ല, മറിച്ച് നെഞ്ചത്ത് കിട്ടിയ ഒന്നൊന്നര പ്രഹരമാണ്. ‘ദൈവത്തെ കൊള്ളയടിച്ചില്ലേ?’ എന്ന കോടതിയുടെ ചോദ്യം കേട്ട് അന്തംവിട്ടിരിക്കുകയാണ് സഖാക്കള്‍. ‘ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷേ സ്വര്‍ണ്ണത്തില്‍ വിശ്വസിക്കുന്നു’ എന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് മാത്രം പലരും മൗനത്തിലാണ്. വാസുവിന്റെ പ്രായവും അസുഖവും നോക്കി അല്‍പ്പം ഇളവ് കൊടുക്കാമെന്ന് കരുതിയ അഭിഭാഷകര്‍ക്ക് പോലും, ‘ക്ഷേത്രത്തിലെ സ്വര്‍ണ്ണം ചാക്കിലാക്കിയവരോട് എന്ത് ദയ?’ എന്ന കോടതിയുടെ ഭാവത്തിന് മുന്നില്‍ തോറ്റുമടങ്ങേണ്ടി വന്നു.

എന്നാല്‍ കോടതിയിലെ ഇടിയേക്കാള്‍ കടുപ്പമേറിയത് ഇങ്ങ് തലസ്ഥാനത്ത് സ്വന്തം പാളയത്തില്‍ നിന്ന് തന്നെയാണ് സപിഎമ്മിന് കിട്ടിയത്. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് നിയമസഭയ്ക്ക് പുറത്ത് നടത്തിയ പ്രകടനം കണ്ടാല്‍ ആര്‍ക്കും തോന്നിപ്പോകും അദ്ദേഹം പ്രതിപക്ഷ നേതാവായി പ്രമോഷന്‍ വാങ്ങിയെന്ന്… സോണിയ ഗാന്ധിയെ ഇടത് മന്ത്രിമാര്‍ കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലൊരു കളങ്കിതനെ സോണിയ ഗാന്ധി വീട്ടില്‍ കയറ്റില്ല’ എന്ന് കടകംപള്ളി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കണ്ട് പാര്‍ട്ടി സെക്രട്ടറി പോലും ഒന്ന് ഞെട്ടിയിട്ടുണ്ടാകും. പാര്‍ട്ടിയുടെ നെറുകുന്തല നോക്കി സഖാവ് തന്നെ ഒരു കൊട്ട് കൊടുത്തപ്പോള്‍, ‘ഇത് കടകംപള്ളി തന്നെയാണോ അതോ ചാരനാണോ’ എന്ന സംശയത്തിലാണ് അണികള്‍.

ചുരുക്കത്തില്‍, ശബരിമലയിലെ സ്വര്‍ണ്ണം പോയത് പോട്ടെ, ഇപ്പോള്‍ പാര്‍ട്ടിയുടെ ‘ഇമേജും’ കൂടി കടകംപള്ളിയുടെ പ്രതികരണത്തിലൂടെ ദാനമായി നല്‍കപ്പെട്ട അവസ്ഥയിലാണ്. ഇടത് മന്ത്രിമാര്‍ സോണിയ ഗാന്ധിക്കെതിരെ കല്ലെറിയുമ്പോള്‍, ആ കല്ല് തടുക്കാന്‍ കടകംപള്ളി മുന്നില്‍ നിന്നത് കണ്ടപ്പോള്‍ പണ്ട് നിയമസഭ തല്ലിപ്പൊളിച്ച ശിവന്‍കുട്ടി പോലും ഒന്ന് ആലോചിച്ചു കാണും-‘ഇതിലും ഭേദം അന്ന് മേശപ്പുറത്ത് കയറി നൃത്തം വെക്കുന്നതായിരുന്നു’ എന്ന്. ഇന്ന് എകെജി സെന്ററില്‍ വിളക്ക് വെക്കുമ്പോള്‍ കടകംപള്ളിക്കായി ഒരു പ്രത്യേക വഴിപാട് കൂടി സഖാക്കള്‍ നേര്‍ന്നാല്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.