കടകംപള്ളിയും രാജു എബ്രഹാമും പോറ്റിയുടെ വീട്ടിൽ; സ്വർണ്ണക്കൊള്ളക്കേസിൽ സി.പി.എമ്മിനെ വെട്ടിലാക്കി ദൃശ്യങ്ങൾ പുറത്ത്

Jaihind News Bureau
Thursday, January 22, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സി.പി.എം നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് കരുത്തുപകർന്ന് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ രാജു എബ്രഹാമും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സന്ദർശനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇരുവരും ജനപ്രതിനിധികളായിരിക്കെയാണ് പ്രതിയുടെ വീട്ടിൽ എത്തിയതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന് നേതാക്കൾ സമ്മാനം നൽകുന്നതും കുടുംബാംഗങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന സി.പി.എം വാദങ്ങളെ ഈ ചിത്രങ്ങൾ ദുർബലപ്പെടുത്തുന്നു. സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി കടകംപള്ളി സുരേന്ദ്രനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജു എബ്രഹാം സ്വീകരിച്ച നിലപാട് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നതോടെ, അത് വീട്ടിൽ വെച്ച് എടുത്തതല്ലെന്നും സന്നിധാനത്ത് വെച്ച് എടുത്തതാണെന്നും പറഞ്ഞ് അദ്ദേഹം നിലപാട് തിരുത്തി. നേതാക്കളുടെ ഈ വൈരുദ്ധ്യം നിറഞ്ഞ പ്രതികരണങ്ങൾ കേസിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.