‘ട്രംപിന്റെ അവകാശവാദത്തിന് 70 തികഞ്ഞു’; മോദിയെ പരിഹസിച്ച് കോൺഗ്രസ്

Jaihind News Bureau
Thursday, January 22, 2026

കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. ട്രംപിന്റെ ഇത്തരം അവകാശവാദങ്ങളുടെ എണ്ണം ഇപ്പോൾ 70-ൽ എത്തിയെന്ന് പരിഹസിച്ചുകൊണ്ടാണ് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചത്.

തന്റെ രണ്ടാം ഊഴത്തിലെ ഒന്നാം വർഷത്തെ പ്രധാന നേട്ടങ്ങൾ വാഷിംഗ്ടണിൽ പട്ടികപ്പെടുത്തുന്നതിനിടയിലാണ് ഇന്ത്യ-പാക് ശത്രുത അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങൾ ഒരു വിനാശകരമായ യുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും, തന്റെ ഇടപെടൽ ഒരു ആണവ ഏറ്റുമുട്ടൽ ഒഴിവാക്കി ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ എക്സിലൂടെയാണ്  കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ട്രംപിന്റെ അവകാശവാദങ്ങളുടെ എണ്ണം ഒറ്റദിവസം കൊണ്ട് കുത്തനെ ഉയർന്നുവെന്ന് അദ്ദേഹം കുറിച്ചു. “ഇന്നലെ വരെ ഇതിന്റെ എണ്ണം 68 ആയിരുന്നു. എന്നാൽ ഇന്നലെ മാത്രം അത് 69-ലല്ല, നേരെ 70-ലേക്കാണ് ഉയർന്നത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിന്റെ പ്രാരംഭ പ്രസ്താവനയിലും പിന്നീട് ചോദ്യോത്തര വേളയിലുമായി രണ്ടുതവണയാണ് അദ്ദേഹം ഇത് ആവർത്തിച്ചത്,” ജയറാം രമേശ് കുറിച്ചു.