
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറിയാണ് താരം വിതരണോദ്ഘാടനം നടത്തിയത്. വരാനിരിക്കുന്ന പോരാട്ടത്തിന് പൃഥ്വിരാജ് ആശംസകൾ നേർന്നു.
ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. സ്റ്റേഡിയത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ആകർഷകമായ നിരക്കുകളാണ് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മത്സരം കാണാൻ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. വെറും 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് ഗാലറിയിലെത്താം.
ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ:
വിദ്യാർത്ഥികൾക്ക്: 250 രൂപ
അപ്പർ ടയർ: 500 രൂപ
ലോവർ ടയർ: 1200 രൂപ
ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുമ്പോൾ തിരുവനന്തപുരത്ത് വീണ്ടും ഒരു റൺവേട്ട അരങ്ങേറുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.