
കല കാലത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. എന്നാല്‍ ചില കലാസൃഷ്ടികള്‍ കാലത്തിന് അതീതമായ പ്രവചനങ്ങളായി മാറുന്ന വിചിത്രമായ കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്. 1992-ല്‍ പ്രിയദര്‍ശന്‍-ടി. ദാമോദരന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘അദ്വൈതം’ എന്ന ചലച്ചിത്രം മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാകുന്നത് അതിന്റെ രാഷ്ട്രീയ പ്രസക്തി കൊണ്ടല്ല, മറിച്ച് അത് ഉയര്‍ത്തിയ ധാര്‍മ്മിക ചോദ്യങ്ങള്‍ കൊണ്ടാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി, കൈതപ്രം രചിച്ച ആ അനശ്വര ഗാനവരികള്‍ ഉദ്ധരിച്ചപ്പോള്‍, അത് കേവലമൊരു സിനിമാപ്പാട്ടിന്റെ പരാമര്‍ശമായിരുന്നില്ല; മറിച്ച്, ഉത്തരം മുട്ടിപ്പോകുന്നൊരു ചോദ്യം സമൂഹത്തിന് നേരെ എറിയുകയായിരുന്നു.
‘പഞ്ചാഗ്‌നിമദ്ധ്യേ തപസ്സു ചെയ്താലുമീ പാപകര്‍മ്മത്തിന്‍ പ്രതിക്രിയ ആകുമോ…’
അഴിമതിയുടെയും വിശ്വാസവഞ്ചനയുടെയും കറപുരണ്ട വര്‍ത്തമാനകാലത്ത്, ഈ വരികള്‍ക്ക് ഈയത്തിനൊത്ത കാഠിന്യമുണ്ട്. ‘അദ്വൈതം’ എന്ന സിനിമയുടെ അന്തഃസത്ത, ആത്മീയതയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെ തുറന്നുകാട്ടുക എന്നതായിരുന്നു. ദൈവവും മനുഷ്യനും രണ്ടല്ല, ഒന്നാണെന്ന അദ്വൈത ദര്‍ശനത്തെ, സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പുരോഹിത-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ എങ്ങനെ അട്ടിമറിക്കുന്നു എന്നതായിരുന്നു ആ ചിത്രം പറഞ്ഞുവെച്ചത്. ഇന്ന്, ശബരിമലയിലെ സ്വര്‍ണ്ണക്കൊളള സ്ഥിരീകരിക്കപ്പെടുമ്പോള്‍ , സിനിമയിലെ പ്രമേയം യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവരികയാണ്.
ഭഗവാന് ചാര്‍ത്തിയ സ്വര്‍ണ്ണത്തില്‍ പോലും മായം ചേര്‍ക്കുക, അല്ലെങ്കില്‍ അളവില്‍ കൃത്രിമം കാണിക്കുക എന്നത് സാധാരണ മോഷണമല്ല. അത് വിശ്വാസസമൂഹത്തിന്റെ നെഞ്ചില്‍ ചവിട്ടുന്നതിന് തുല്യമാണ്. ഇവിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം പ്രസക്തമാകുന്നത്. ഭക്തിയുടെയും ആചാരങ്ങളുടെയും എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് പുറമേ അഭിനയിക്കുന്നവര്‍, ഉള്ളിന്റെയുള്ളില്‍ ചെയ്യുന്ന കൊടുംപാതകത്തിന് എന്ത് പ്രായശ്ചിത്തമാണ് വിധിക്കാനാവുക?
പഞ്ചാഗ്‌നിയും പാപബോധവും
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വരികളിലെ ‘പഞ്ചാഗ്‌നി’ എന്ന പ്രയോഗത്തിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. നാലുപുറത്തും കത്തുന്ന തീയും, മുകളില്‍ ഉച്ചസൂര്യനും- ഈ അഞ്ച് അഗ്‌നികള്‍ക്ക് നടുവില്‍ നിന്ന് ചെയ്യുന്ന കഠിനമായ തപസ്സിനെയാണ് പുരാണങ്ങള്‍ പഞ്ചാഗ്‌നി മധ്യേയുള്ള തപസ്സ് എന്ന് വിശേഷിപ്പിക്കുന്നത്. അത്രയും കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ കൊണ്ട് ശരീരം വെന്തുനീറിയാലും, മനസ്സ് കൊണ്ട് ചെയ്ത വഞ്ചനയുടെ പാപക്കറ മായ്ക്കാനാവില്ലെന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. ഈശ്വരവിശ്വാസത്തേക്കാള്‍ ഭൗതികവാദത്തിന് മുന്‍തൂക്കം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎം) പ്രതിനിധികളാണ് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായി ശബരിമലയുടെ തലപ്പത്ത് എത്തുന്നത്. ഭക്തരുടെ വികാരത്തേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കും രാഷ്ട്രീയ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കുന്നവര്‍ ക്ഷേത്രഭരണം കയ്യാളുന്നതിലെ വൈരുദ്ധ്യം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയിലേതുപോലെ തന്നെ, വിശ്വാസമില്ലാത്തവര്‍ ക്ഷേത്രഭരണത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ ദുരന്തമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണവിവാദത്തില്‍ ഉള്‍പ്പെട്ടവര്‍, ഒരുപക്ഷേ പുറമേ കഠിനവ്രതക്കാരോ ഭക്തരോ ആയിരിക്കാം. പക്ഷേ, ‘അമ്പലമെന്നാല്‍ മതില്‍ക്കെട്ടല്ല, വിഗ്രഹമെന്നാല്‍ കല്ലല്ല’ എന്ന് ഇതേ സിനിമയില്‍ പറയുന്നതുപോലെ, ക്ഷേത്രസ്വത്ത് അപഹരിക്കുന്നത് ഈശ്വരചൈതന്യത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. ചെയ്ത തെറ്റിന് (പാപകര്‍മ്മത്തിന്) എന്ത് പരിഹാരക്രിയ ചെയ്താലും, അത് ആത്മാര്‍ത്ഥതയില്ലാത്ത പ്രഹസനം മാത്രമായി അവശേഷിക്കും.
ഒരു ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെയാണ് ഹൈക്കോടതിയില്‍ ഈ ഗാനം പരാമര്‍ശിക്കപ്പെട്ടത്. അദ്വൈതം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം, കപടസന്യാസിമാരുടെയും അഴിമതിക്കാരുടെയും മുഖത്തുനോക്കി ചോദിച്ച അതേ ചോദ്യം, നീതിപീഠം ഇന്ന് ഭരണസംവിധാനങ്ങളോടും ഉദ്യോഗസ്ഥരോടും ചോദിക്കുന്നു.
സ്വര്‍ണ്ണത്തിന്റെ അളവിലും തൂക്കത്തിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയുക തന്നെ ചെയ്യും. പക്ഷേ, അതിനപ്പുറം സാംസ്‌കാരിക കേരളത്തിന് മുന്നില്‍ അവശേഷിക്കുന്നത് വലിയൊരു ധാര്‍മ്മിക പ്രതിസന്ധിയാണ്. ദൈവത്തിന്റെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കൊള്ളകള്‍ക്ക് നിയമം എന്ത് ശിക്ഷ നല്‍കിയാലും, മനസ്സാക്ഷിയുടെ കോടതിയില്‍ അവര്‍ക്ക് മാപ്പില്ല.
ആധുനിക കേരളം കണ്ട ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണിത്- ഒരു സിനിമാപ്പാട്ട് നീതിയുടെ അളവുകോലായി മാറുന്ന കാഴ്ച. ‘അദ്വൈതം’ സിനിമയും അതിലെ പാട്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു; ശുദ്ധമായ മനസ്സില്ലാതെ, അഴിമതിയുടെ കറപുരണ്ട കൈകള്‍ കൊണ്ട് എത്ര സ്വര്‍ണ്ണം സോപാനത്തില്‍ പതിച്ചാലും, അതിന് ഭഗവാന്റെ പ്രഭയുണ്ടാകില്ല. കാരണം, സത്യം തന്നെയാണ് ദൈവം. സത്യത്തിന് നിരക്കാത്തതൊന്നും, എത്ര വലിയ തപസ്സ് ചെയ്താലും പുണ്യമാവുകയുമില്ല.