സജി ചെറിയാൻ മുതൽ എം.വി ഗോവിന്ദൻ വരെ; നേതാക്കളുടെ പ്രസ്താവനകളിൽ വെട്ടിലായി സിപിഎം; തിരുത്തലിന് മുന്നണി നീക്കം

Jaihind News Bureau
Wednesday, January 21, 2026

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനം പ്രധാന പ്രചാരണ വിഷയമാക്കാനുള്ള ഇടതുമുന്നണിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി സ്വന്തം നേതാക്കളുടെ വിവാദ പ്രസ്താവനകൾ. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു മാറിയത് തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്കിടയിലും, നേതാക്കളുടെ അശ്രദ്ധമായ വാക്കുകൾ മുന്നണിയെ പ്രതിരോധത്തിലാക്കുകയാണ്. വികസന നേട്ടങ്ങൾ വിശദീകരിക്കാൻ മേഖലാ ജാഥകൾ ആരംഭിക്കാനിരിക്കെ, സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ നടത്തുന്ന പ്രസ്താവനകൾ ലക്ഷ്യത്തെ തകർക്കുന്നുവെന്ന വികാരം സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കിടയിൽ ശക്തമാണ്.

മന്ത്രി സജി ചെറിയാൻ നടത്തിയ മുൻകാല പ്രസ്താവനകളും ഭരണഘടനാ വിവാദവും സർക്കാരിനെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട്. അടുത്തിടെയായി നേതാക്കൾ മൈക്കിന് മുന്നിൽ നടത്തുന്ന ഇത്തരം ‘വിടുവായത്തങ്ങൾ’ പാർട്ടിക്ക് കടുത്ത തലവേദനയാകുന്നു. നേരത്തെ എ.കെ. ബാലൻ നടത്തിയ പരാമർശങ്ങൾ തിരുത്താൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ടി വന്ന സാഹചര്യം ഇതിന് ഉദാഹരണമാണ്. കൂടാതെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ അടിയന്തരാവസ്ഥക്കാലത്തെ ആർ.എസ്.എസ് സഹകരണത്തെക്കുറിച്ച് എം.വി ഗോവിന്ദൻ നടത്തിയ വെളിപ്പെടുത്തലും ഇടതുമുന്നണിക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

നേതാക്കളുടെ ഇത്തരം അനാവശ്യ പ്രസ്താവനകൾ മൂലം പാർട്ടിക്ക് അനുകൂലമായി ചർച്ചയാകേണ്ട പല വിഷയങ്ങളും മുങ്ങിപ്പോകുന്നതായി അണികൾക്കിടയിൽ പരാതിയുണ്ട്. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ച ആരോപണങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയാതെ പോയത് ഇതിന്റെ തെളിവാണ്. രാഷ്ട്രീയ ധ്രുവീകരണം ശക്തമായ കേരളത്തിൽ ഇത്തരം ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടികൾക്ക് കാരണമാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിട്ടുണ്ട്.

ഭരണത്തുടർച്ചയെന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ നേതാക്കളുടെ നാവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് മുന്നണിയുടെ പൊതുവികാരം. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ സജീവമായ സാഹചര്യത്തിൽ, തീപ്പൊരികൾക്ക് ഇടനൽകാതെ ശ്രദ്ധയോടെ നീങ്ങാനുള്ള കർശന നിർദ്ദേശമാകും വരും ദിവസങ്ങളിൽ സി.പി.എം നേതൃത്വം നൽകുക. കൃത്യമായ ലക്ഷ്യബോധത്തോടെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനുള്ള തിരുത്തൽ നടപടികൾ ഉടനുണ്ടാകുമെന്നാണ് സൂചന.