
തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ലോക്ഭവന്. നയപ്രഖ്യാപനത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തിയിരുന്ന അര്‍ദ്ധസത്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും ലോക്ഭവന് വ്യക്തമാക്കി. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ആദ്യം സൂചന നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം നിലപാട് മാറ്റുകയായിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു.
ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്ന് ആദ്യം ലഭിച്ച പ്രതികരണം. ഭേദഗതി വരുത്തിയ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, ഇന്നലെ രാത്രി 12 മണിക്ക് ശേഷം യാതൊരു മാറ്റവും വരുത്താതെ പഴയ കരട് തന്നെ ലോക്ഭവനിലേക്ക് മടക്കി അയക്കുകയായിരുന്നു. കോഴിക്കോട് നിന്ന് വൈകി മടങ്ങിയെത്തിയ ഗവര്‍ണര്‍, താന്‍ നിര്‍ദ്ദേശിച്ചതും സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചതുമായ ഭേദഗതികളോടെയുള്ള പ്രസംഗമാണ് സഭയില്‍ വായിച്ചതെന്നും ലോക്ഭവന് വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുവെന്നും കോടതി അത് ഭരണഘടനാ ബെഞ്ചിന് വിട്ടുവെന്നും കരടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും സുപ്രീംകോടതി ബില്ലുകള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ലെന്നും ലോക്ഭവന് ചൂണ്ടിക്കാട്ടി. ഈ തെറ്റായ വിവരം ഒഴിവാക്കണമെന്നായിരുന്നു ലോക്ഭവന്റെ നിലപാട്.
സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ കേന്ദ്രം അട്ടിമറിക്കുന്നു എന്ന പരാമര്‍ശവും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പകരം, മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നത് മൂലം കേരളം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രേഖപ്പെടുത്താനാണ് ലോക്ഭവന് നിര്‍ദ്ദേശിച്ചത്. ഭരണഘടനാപരമായ അന്തസ്സ് നിലനിര്‍ത്താനാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നും, ഇതിനെ രാഷ്ട്രീയ വിവാദമാക്കുന്നത് അടിസ്ഥാനരഹിതമാണെന്നുമാണ് ലോക്ഭവന്റെ നിലപാട്. ഇതോടെ നയപ്രഖ്യാപന വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.