ശബരിമല സ്വര്‍ണ്ണക്കൊള്ള: കൊള്ളമുതല്‍ കര്‍ണാടകയിലെത്തിച്ച് വേര്‍തിരിച്ചു?; അന്വേഷണം ഉന്നതരിലേക്ക്, കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത

Jaihind News Bureau
Tuesday, January 20, 2026

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച് കര്‍ണാടകയിലെത്തിച്ച് വേര്‍തിരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. ചെന്നൈയിലെയും ബംഗളൂരുവിലെയും സ്വകാര്യ കേന്ദ്രങ്ങളില്‍ എത്തിച്ച് രാസപ്രക്രിയയിലൂടെയാണ് പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്. കേസില്‍ അഞ്ച് പ്രമുഖര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം. നിലവില്‍ പ്രതിപ്പട്ടികയില്‍ ഇല്ലാത്ത ചിലരുടെ പങ്കും അന്വേഷണസംഘം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

അഴിമതി ആരോപണങ്ങള്‍ 2025-ലെ ഇടപാടുകളിലേക്കും നീളുകയാണ്. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ നടന്ന സ്വര്‍ണ്ണം പൂശിയ നടപടികളെക്കുറിച്ച് എസ്ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മറ്റ് ബോര്‍ഡ് അംഗങ്ങളെയും ഉടന്‍ വീണ്ടും ചോദ്യം ചെയ്യും. ദ്വാരപാലക ശില്‍പ മോഷണക്കേസില്‍ മൂന്ന് പേരുടെയും, കട്ടിളപ്പാളി കേസില്‍ രണ്ടുപേരുടെയും പങ്ക് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 1998-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പഴയ വാതില്‍ പോലും കൊള്ളയടിക്കപ്പെട്ടതായാണ് എസ്ഐടിക്ക് ലഭിച്ച പുതിയ വിവരം.

അന്വേഷണത്തിന്റെ ഭാഗമായി എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് നേരിട്ടെത്തി പരിശോധന നടത്തി. സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന പഴയ കതകിലെ സ്വര്‍ണ്ണ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മാറ്റിയ പഴയ വാതിലും പഴയ കൊടിമര ഭാഗങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊടിമരത്തില്‍ നിന്ന് മാറ്റിയ ശില്‍പ്പങ്ങള്‍ സ്ട്രോങ്ങ് റൂമിലുണ്ടോ എന്ന കാര്യത്തിലും ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട നിയമനടപടികളും വേഗത്തിലായിട്ടുണ്ട്. ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മറ്റു പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്.