സഭയില്‍ അസാധാരണ നടപടികള്‍: പ്രതിസന്ധികള്‍ മറികടക്കാന്‍ പോര്‍മുഖങ്ങള്‍; നയപ്രഖ്യാപന വിവാദത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍

Jaihind News Bureau
Tuesday, January 20, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിയമസഭയുടെ നടുത്തളത്തിലേക്ക് പടരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനം അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സഭയുടെ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേല്‍ കടന്നുകയറുന്നതുമായ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളാണ് നയപ്രഖ്യാപനത്തില്‍ പ്രധാനമായും ഇടംപിടിച്ചത്. എന്നാല്‍, മുന്‍ നയപ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമല്ലാതെ കാര്യമായ പുതിയ നേട്ടങ്ങളൊന്നും സര്‍ക്കാരിന് അവകാശപ്പെടാനില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതായാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ വായിക്കാതെ വിട്ട പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ മുഖ്യമന്ത്രി തന്നെ സഭയില്‍ വായിക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ സ്പീക്കറുടെ റൂളിംഗ് സര്‍ക്കാരിന് അനുകൂലമായിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ ചട്ടങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് നിലനില്‍പ്പെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഈ പോര് വെറും നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിലും സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലും പ്രതിരോധത്തിലായ സര്‍ക്കാര്‍, ജനശ്രദ്ധ തിരിക്കാനാണ് ഗവര്‍ണറുമായി പോര്‍മുഖം തുറക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. മന്ത്രിസഭയുടെ നയം തിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ ഗവര്‍ണറുമായി പോര്‍മുഖം തുറന്നുവിവാദങ്ങള്‍ വഴിമാറ്റി വിടുന്ന പതിവ് കാഴ്ചയാണ് സഭയിലും ഉയര്‍ന്നത്.സ്വര്‍ണ്ണക്കൊള്ളയിലും സജി ചെറിയാന്റെ പ്രസ്താവനയിലുംസര്‍ക്കാരും സിപിഎമ്മും അടിതെറ്റി നില്‍ക്കുന്നതിനിടയില്‍ ആരംഭിച്ച സഭാ സമ്മേളനം പുതിയ വിവാദത്തോടെയാണ് തുടങ്ങിയത്. വരുംദിവസങ്ങളില്‍ നയപ്രഖ്യാപനത്തിന് മേലുള്ള ചര്‍ച്ചയില്‍ വിവാദം കൂടുതല്‍ ആളിക്കത്തും.