
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപകമായ റെയ്ഡ് ആരംഭിച്ചു. കേസിലെ പ്രധാന പ്രതികളുടെയെല്ലാം വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയമാണ് പരിശോധന നടക്കുന്നത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് കേന്ദ്ര ഏജൻസി അന്വേഷണം ഊർജ്ജിതമാക്കിയത്.
കേസിലെ പ്രധാനികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, മുരാരി ബാബു എന്നിവരുടെ വീടുകളിൽ ഇ.ഡി സംഘം പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചു. കൂടാതെ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ വസതികളിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതായാണ് വിവരം. സ്വർണ്ണം മാറ്റിയതിലും വിറ്റഴിച്ചതിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക നിഗമനം.
കേരളത്തിന് പുറത്തും ശക്തമായ പരിശോധനകളാണ് നടക്കുന്നത്. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലും ബെല്ലാരിയിലെ പ്രമുഖ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധന്റെ വസതിയിലും ഇ.ഡി സംഘം ഒരേസമയം പരിശോധന നടത്തുന്നുണ്ട്. ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണ്ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉറവിടങ്ങളും അവ എങ്ങോട്ടൊക്കെ കൈമാറ്റം ചെയ്യപ്പെട്ടു എന്നതും വ്യക്തമായി കണ്ടെത്തുകയാണ് ഈ റെയ്ഡുകളുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ തെളിവുകൾ പുറത്തുവരുമെന്നാണ് സൂചന.