
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ‘ജെൻസി കണക്ട്’ യാത്രയ്ക്ക് ഇന്ന് കാസർഗോഡ് ജില്ലയിൽ തുടക്കമാകും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘സ്റ്റുഡന്റ് മാനിഫെസ്റ്റോ’ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായുള്ള ‘ജെൻസ് പാർലമെന്റ്’ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തുന്ന യാത്രയിൽ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളും യു.ഡി.എഫ് നേതാക്കളും പങ്കുചേരും. വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച് തയ്യാറാക്കുന്ന വിഷൻ ഡോക്യുമെന്റ് യാത്രയുടെ സമാപനത്തിന് ശേഷം യു.ഡി.എഫ് നേതൃത്വത്തിന് ഔദ്യോഗികമായി കൈമാറും. ജെൻസി മീറ്റ് അപ്പ്, ജെൻസി വാക്ക്, ഔട്ട് റീച്ച് പ്രോഗ്രാമുകൾ, ലോങ്ങ് മാർച്ച് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് യാത്രയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
അലോഷ്യസ് സേവ്യർ ക്യാപ്റ്റനായ യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരായി അണിനിരക്കും. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥിരാംഗങ്ങളായി യാത്രയെ അനുഗമിക്കും. ജനുവരി 28-ന് തിരുവനന്തപുരത്താണ് പ്രക്ഷോഭ യാത്ര സമാപിക്കുന്നത്.